Monday, November 10, 2014

                  വിഷ്വൽ ബേസിക് ഡോട്ട് നെറ്റ്


                         പഠിക്കാൻ വളരെ എളുപ്പമുള്ള പ്രോഗ്രാമിംഗ് ഭാഷയാണു വിഷ്വൽ ബേസിക്. മൂന്നാം തലമുറയിൽ പെട്ട “ഇവന്റ് ഡ്രിവൺ ലാങ്വേജ് ” ആണിത്...  വിഷ്വൽ ബേസികിന്റെ ആദ്യപതിപ്പ് മൈക്രോസോഫ്റ്റ് പുറത്തിറക്കിയത് 1991 ൽ ആണ്...  ഇതര പ്രോഗ്രാമിംഗ് ഭാഷകളിൽ നിന്ന് വ്യത്യസ്തമായി പ്രോഗ്രാമിന്റെ രൂപഘടന വരച്ചുണ്ടാക്കാനുള്ള വിഷ്വൽ ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ് IDE ആണ് ഇതിനുള്ളത്. അതായത് നാം നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സോഫ്റ്റ്‌വെയറിന്റെ ഉടൽ നമുക്ക് മൗസ് ഉപയോഗിച്ച് ഡ്രാഗ് ചെയ്യാമെന്നർത്ഥം. ഒരു ബട്ടൺ വരച്ചതിനു ശേഷം അതു പ്രവർത്തിക്കാനുള്ള കോഡ് ആ ബട്ടണിനോട് ബന്ധപ്പെട്ടിരിക്കുന്ന കോഡ് വിൻഡോയിൽ എഴുതിയാൽ മതിയാകും. മറ്റു
ഭാഷകളിൽ പ്രോഗ്രാം ചെയ്യുമ്പോൾ ഒരു ബട്ടൺ നമ്മുടെ പ്രോഗ്രാമിൽ വെയ്ക്കണമെങ്കിൽ പോലും അതിനുള്ള കോഡ് എഴുതി വേണം കാര്യം സാധിക്കാൻ. അപ്പോൾ പഠിതാവ് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കിയാൽ മാത്രമേ പ്രോഗ്രാമിംഗ് സാധിക്കുകയുള്ളൂ. അങ്ങനെ നോക്കുമ്പോൾ വിഷ്വൽ ബേസിക് ഒരു മികച്ച ഭാഷയായി നമുക്കു തോന്നും. അമേരിക്കക്കാരനായ പ്രോഗ്രാമർ അലൻ കൂപ്പർ ആണ് വിഷ്വൽ ബേസിക്കിന്റെ വിഖ്യാതമായ ഡ്രാഗ് & ഡ്രോപ് സ്റ്റൈൽ IDE യുടെ ശില്പി... 
അലൻ കൂപ്പർ

വിഷ്വൽ ബേസിക്കിന്റെ പിതാവ് എന്നാണ് അലൻ കൂപ്പർ അറിയപ്പെടുന്നത്
കാലിഫോർണിയയിൽ അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ നിർമ്മിക്കുന്ന ഒരു കമ്പനി സ്ഥാപിച്ചു കൊണ്ടാണ് അലൻ കൂപ്പർ തന്റെ കരിയർ ആരംഭിക്കുന്നത്... 1988 ൽ കൂപ്പർ, റൂബി എന്ന കോഡ് നാമത്തിൽ ഒരു വിഷ്വൽ പ്രോഗ്രാമിംഗ് ലാങ്വേജ് നിർമ്മിക്കാൻ ആരംഭിച്ചു... മൈക്രോസോഫ്റ്റിന്റെ മേധാവിയായ ബിൽ ഗേറ്റ്സിനെ ഇതിന്റെ ഡെമോ കാണിച്ചതോടെ ഈ പ്രൊജെക്റ്റിനെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തു... അതോടെ ഇന്നു നാം കാണുന്ന വിഷ്വൽ ബേസിക് രൂപമെടുത്തു...  കൂപ്പർ നിർമ്മിച്ച ഡ്രാഗ് & ഡ്രോപ് ശൈലിയിലേയ്ക്ക് മൈക്രോസോഫ്റ്റ് ബേസിക് ലാങ്വേജിനെ സമന്വയിപ്പിച്ച് വിഷ്വൽ ബേസിക് ആക്കി മാറ്റി... ഒരു പുതിയ ചരിത്രം അവിടുന്ന് ആരംഭിക്കുകയായിരുന്നു... 
പ്രോഗ്രാമുകൾ രചിക്കാനുള്ള എളുപ്പമാണ് വിഷ്വൽ ബേസികിന്റെ വിജയത്തിനു പ്രധാനകാരണം...  പ്രോഗ്രാമിംഗ് പുസ്തകങ്ങളെല്ലാം ആരംഭിക്കുന്നത് പ്രശസ്തമായ “ഹലോ വേൾഡ്” പ്രോഗ്രാമിൽ നിന്നാണ്... വളരെ കുറഞ്ഞ വരികളിൽ “ഹലോ വേൾഡ് “ എന്നു സ്ക്രീനിൽ പ്രിന്റ് ചെയ്യുന്ന പ്രോഗ്രാം കമ്പ്യൂട്ടർ പ്രോഗ്രാമിംഗിന്റെ ബാലപാഠമായി കണക്കാക്കപ്പെടുന്നു...   ഈ പുസ്തകവും ആ പതിവു തെറ്റിക്കുന്നില്ല... “സി” എന്ന പ്രോഗ്രാമിംഗ് ഭാഷയിൽ ഒരു ഹലോ വേൾഡ് പ്രോഗ്രാം രചിക്കാൻ രണ്ടു പേജ് നിറയെ കോഡാണ് ഒരു പ്രോഗ്രാമർ എഴുതേണ്ടിയിരുന്നത്...  എന്നാൽ വിഷ്വൽ ബേസിക്കിൽ ഇത് വെറും ഒറ്റ വരിയായി ചുരുങ്ങി... വ്യത്യാസം കേട്ടാൽ തന്നെ ഞെട്ടും അല്ലേ... കാരണം പ്രോഗ്രാമിന്റെ ഉടൽ അഥവാ വിൻഡോ പ്രദർശിപ്പിക്കാൻ തന്നെ വേണം കുറേ വരികളിൽ കോഡ്...  അതിനു ശേഷം അതിൽ ടെക്സ്റ്റ് പ്രദർശിപ്പിക്കാനും വേണം കോഡ്...  എല്ലാത്തിലുമുപരി നാം ക്ലോസ് ബട്ടൺ ക്ലിക്ക് ചെയ്യുന്നതു വരെ വിൻഡോ നിലനിർത്തുവാനും വേണം കോഡ്...  എന്നാൽ വിഷ്വൽ ബേസിക്കിൽ ഇതൊന്നും ആവശ്യമില്ല... നാം പുതിയ ഒരു പ്രൊജക്ട് ആരംഭിക്കുമ്പോൾ തന്നെ വിൻഡോ രൂപപ്പെട്ടു കഴിഞ്ഞു... ഒരു ഫയലിൽ ആ വിൻഡോയ്ക്കുള്ള കോഡ് വിഷ്വൽ ബേസിക് സ്വയം രൂപപ്പെടുത്തുന്നുണ്ട്... പക്ഷേ നാം അതിനെപ്പറ്റി ബേജാറാവേണ്ട ആവശ്യമില്ല...
 നിർമ്മിക്കാൻ വളരെ എളുപ്പമെങ്കിലും  വിഷ്വൽ ബേസിക്കിന്റെ പ്രധാന പരിമിതി, ഇതുപയോഗിച്ച് നിർമ്മിക്കുന്ന സോഫ്റ്റ്‌വെയറുകൾ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ മാത്രമേ പ്രവർത്തിയ്ക്കൂ എന്നതാണ്. ‘മോണോ’ എന്ന സങ്കേതം ഉപയോഗിച്ച് ഇപ്പോൾ ലിനക്സിലും പ്രവർത്തിക്കുമെന്ന് കേൾക്കുന്നു...  വിഷ്വൽ ബേസിക് സീരീസിലെ അവസാന പതിപ്പായ വിഷ്വൽ ബേസിക് 6 പുറത്തിറങ്ങിയത് 1998 ലാണ്... 2008 ൽ മൈക്രോസോഫ്റ്റ് വിഷ്വൽ ബേസിക് 6 ന്റെ പിന്തുണ അവസാനിപ്പിച്ചു...  എന്നാൽ ഇന്നും ലോകത്തിന്റെ പലഭാഗങ്ങളിലും പ്രോഗ്രാമേഴ്സ് വിഷ്വൽ ബേസിക് 6 ഉപയോഗിക്കുന്നുണ്ട്... അത്രയ്ക്കുണ്ട് അതിന്റെ ജനപ്രീതി... ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ തന്നെ ലോകത്ത് ഇന്റർനെറ്റ് സാർവ്വത്രികമായപ്പോൾ വിഷ്വൽ ബേസിക്കിന്റെ പ്രസക്തി കുറഞ്ഞു വന്നു...  ഇന്റർനെറ്റുമായി ബന്ധപ്പെടുന്ന തരത്തിലുള്ള പ്രോഗ്രാമുകൾ രചിക്കാൻ വിഷ്വൽ ബേസിക്കിൽ നവീന സൗകര്യങ്ങളില്ലാതിരുന്നതാണ് കാരണം... അതോടൊപ്പം തന്നെ പ്രോഗ്രാമിംഗ് രംഗത്ത് ഒബ്ജക്ട് ഓറിയന്റഡ് പ്രോഗ്രാമിംഗ് ഭാഷകൾ ചുവടുറപ്പിക്കാനും തുടങ്ങിയിരുന്നു... (ഒബ്ജക്ട് ഓറിയന്റഡ് എന്തെന്ന് പിന്നീട് വിവരിക്കുന്നതാണ്) അതോടെയാണ് വിഷ്വൽ ബേസിക്കിന്റെ പുതിയ അവതാരത്തെപ്പറ്റി മൈക്രോസോഫ്റ്റ് ചിന്തിച്ചു തുടങ്ങിയത്... 
2002 ൽ മൈക്രോസോഫ്റ്റ് വിഷ്വൽ സ്റ്റുഡിയോ പുറത്തിറക്കി...  അതിലെ പ്രധാന പ്രോഗ്രാമിംഗ് ഭാഷകൾ C#  ഉം VB.Net ഉം ആയിരുന്നു... പേരിൽ വന്ന മാറ്റം ശ്രദ്ധിച്ചോ, വിബിയുടെ ഒപ്പം ഒരു ഡോട്ട് നെറ്റ് കൂടെ കൂടി...  അതെ, വിഷ്വൽ ബേസിക്കിനെ വാർത്തുടച്ച് ഡോട്ട് നെറ്റ് എന്ന പുതിയ കുപ്പായമിടുവിച്ചാണ് മൈക്രോസോഫ്റ്റ് പുറത്തിറക്കിയത്...  പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്നു കരുതരുതേ... അക്ഷരാർത്ഥത്തിൽ പുതിയ വീഞ്ഞു തന്നെയാണ് അവർ നമുക്ക് നൽകിയത്...  പുതിയ കാലത്തിനു പറ്റിയ ഹൈ ലെവൽ ഒബ്ജക്ട് ഓറിയന്റഡ് പ്രോഗ്രാമിംഗ് ലാങ്വേജ്... തന്റെ മുൻഗാമിയുടെ പ്രതാപത്തെ അനുസ്മരിപ്പിക്കും വിധം വിബി ഡോട്ട് നെറ്റ് ജൈത്രയാത്ര തുടങ്ങി... ഇപ്പോൾ നിലവിലുള്ള വിബി ഡോട്ട് നെറ്റ് വെർഷൻ വിബി ഡോട്ട് നെറ്റ് 2013 ആണ്... 
വിഷ്വൽ ബേസിക് ഉൾപ്പെടെ നാലു ഭാഷകൾ ഉള്ള വിഷ്വൽ സ്റ്റുഡിയോ ആണ് മൈക്രോ സോഫ്റ്റ് പുറത്തിറക്കുന്നത്... വിഷ്വൽ സ്റ്റുഡിയോയ്ക്ക് രണ്ട് വേരിയന്റുകൾ ഉണ്ടായിരിക്കും...  ഒന്ന് എക്സ്‌പ്രസ് വെർഷൻ...  ഇത് സൗജന്യമാണ്...  മൈക്രോസോഫ്റ്റിന്റെ വെബ്സൈറ്റിൽ നിന്ന് നമുക്ക് ഇത് സൗജന്യമായി ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം...  അടുത്തത് അൾട്ടിമേറ്റ് വെർഷൻ...  ഇത് കമേഴ്സ്യൽ വെർഷനാണ്, പണം നൽകണം... നമ്മുടെ ഈ പ്രോഗ്രാമിംഗ് പഠനത്തിൽ നാം ഉപയോഗിക്കുന്നത് സൗജന്യമായ എക്സ്‌പ്രസ് വെർഷനാണ്...
ഡൗൺലോഡ് ചെയ്യാനായി ഈ ലിങ്കിൽ ചെല്ലുക

എന്നിട്ട് താഴെ കാണുന്ന പേജിൽ സ്ക്രോൾ ചെയ്ത് താഴേയ്ക്ക് നീങ്ങുമ്പോൾ എക്സ്‌പ്രസ്സ് 2013 ഫോർ വിൻഡോസ് ഡസ്ക്ടോപ് എന്ന ലിങ്ക് കാണാം...  അതിനു നേരേയുള്ള ഡൗൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക... 

അപ്പോൾ അടുത്ത പേജിലേക്ക് നാം കടക്കും...  

ഇതിൽ രണ്ടു ഡൗൺലോഡ് ലിങ്കുകൾ കാണാം...  ഒന്ന് ഇൻസ്റ്റാൾ എന്നും മറ്റേത് ഡീവിഡി ഐ എസ് ഓ ഇമേജ് എന്നും...  ഇൻസ്റ്റാൾ എന്നത് ഓൺലൈൻ ഇൻസ്റ്റാളർ ആണ്...  അതായത് നൂറു കണക്കിന് എം ബി വരുന്ന വിഷ്വൽ സ്റ്റുഡിയോ മുഴുവനായും നെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്നതിനൊപ്പം ഇൻസ്റ്റാൾ ചെയ്യുന്ന രീതിയാണത്...  കുറഞ്ഞ നെറ്റ് സ്പീഡുള്ളവർക്ക് ഇതത്ര നല്ല ഓപ്ഷനല്ല...  എന്തു കൊണ്ടും നല്ലത് ഡിവിഡി ഐ എസ് ഓ ഇമേജാണ്... അതു ഡൗൺലോഡ് ചെയ്തശേഷം ഏതെങ്കിലും ഇമേജ് ബേണർ ഉപയോഗിച്ച് ഡിവിഡിയിലേക്ക് ബേൺ ചെയ്താൽ നമ്മുടെ കൈയിൽ ഒരു വിഷ്വൽ സ്റ്റുഡിയോ പതിപ്പ് സ്വന്തമായി...
ISO ഇമേജ് ഡിസ്കിലേക്ക് റൈറ്റ് ചെയ്യാനുള്ള സോഫ്റ്റ്‌വെയറായ ഇമേജ് ബേണർ കിട്ടാനായി ഈ ലിങ്ക് സന്ദർശിക്കുക...  സൗജന്യമാണ്...
ഇതുപയോഗിച്ച് ഡിവിഡി ബേൺ ചെയ്തു കഴിഞ്ഞ് ആ ഡിസ്ക് ഇട്ട് ഇൻസ്റ്റാളർ റൺ ചെയ്താൽ നമുക്ക് വിഷ്വൽ സ്റ്റുഡിയോ എക്സ്‌പ്രസ് 2013 ഇൻസ്റ്റാൾ ചെയ്യാനാവും...  ഇൻസ്റ്റാൾ ചെയ്ത ശേഷം ലോഞ്ച് ബട്ടൺ അമർത്തുക അപ്പോൾ വിഷ്വൽ സ്റ്റുഡിയോ ഓപ്പണാവും...


----തുടരും